തിരുവനന്തപുരം : കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞ് വച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാൻ വേണ്ട സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി തിരുവനന്തപുരം താലൂക്ക് ആഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
അഴിമതി രഹിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ കരുവാക്കാൻ ശ്രമിക്കുകയാണ്. യാതൊരു അന്വേഷണവും കൂടാതെ സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നവർ ജീവനക്കാരെ ആക്രമിക്കുന്നത് പതിവ് കാഴ്ച്ചയാണ്. . സുരക്ഷിതത്വം നൽകേണ്ടവർ അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. വില്ലേജ് ആഫീസിൽ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കണ്ടെത്തി കടുത്ത നിയമനടപടികൾ സ്വീകരിച്ചില്ല എങ്കിൽ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ചവറ ജയകുമാർ പറഞ്ഞു