പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2025ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്ടോബർ 14 വരെ സ്വീകരിക്കും. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവര്‍ എന്നിവരുടെ വിവരങ്ങള്‍ ആവശ്യമായ പരിശോധന നടത്തി തദ്ദേശ സ്ഥാപന നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.
ഏഴ് ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ ലഭിച്ചില്ലെങ്കില്‍ കരട് പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കും. പേര് ചേര്‍ക്കാനുള്ള അപേക്ഷ ഫോറം 4, ആക്ഷേപങ്ങള്‍ ഫോറം 5, ഉള്‍ക്കുറിപ്പുകള്‍ തിരുത്താന്‍ ഫോറം 6, സ്ഥാനമാറ്റത്തിന് ഫോറം 7, പ്രവാസി വോട്ടര്‍മാര്‍ക്ക് ഫോറം 4 എ എന്നിവയില്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ തന്നെ ഹിയറിംഗ് നോട്ടീസ് ലഭിക്കും.
ഈ മാസം 24ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പരിശോധന പൂര്‍ത്തിയാക്കും. ഇ,ആര്‍.ഒയുടെ ഉത്തരവില്‍ ആക്ഷേപം ഉള്ളവര്‍ക്ക് തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക‍്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു






