ആലപ്പുഴ : ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്.ഡി.വി. സെന്റിനറി ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
ചട്ടങ്ങളിലെ അവ്യക്തത പരിഹരിച്ച് വ്യക്തത വരുത്തലാണ് ഭേദഗതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് സേവനം നിഷേധിക്കുന്ന തരത്തിൽ ചട്ടങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ സാധിക്കും. അദാലത്തുകൾ അതിനുള്ള വേദികളാണെന്നും മന്ത്രി പറഞ്ഞു.
പി.എം.എ.വൈ. ഗുണഭോക്താക്കൾക്ക് ദേശീയപാതയുടെ ആക്സസ് പെർമിഷൻ ഇല്ലാത്തതുകൊണ്ട് ബിൽഡിങ് പെർമിറ്റ് നിഷേധിച്ചുകൂടാ എന്ന തീരുമാനം തിരുവനന്തപുരം അദാലത്തിൽ എടുത്തു. കേന്ദ്രസർക്കാരാണ് ഇതിലുള്ള തീരുമാനം എടുക്കേണ്ടത്. സംസ്ഥാനം ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്തിമതീരുമാനമാകുന്നത് വരെ പെർമിറ്റ് നിക്ഷേധിക്കരുത് എന്ന് താത്കാലിക തീരുമാനം അദാലത്തിലൂടെ കൈകൊണ്ടുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാല് അദാലത്തിലും 85- 90 ശതമാനം പരാതികളും പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. ഈ അദാലത്തോടുകൂടി കുടിശ്ശികയായുള്ള മുഴുവൻ പരാതികളും പരിഹരിക്കുകയും ഇനിയൊരു അദാലത്ത് നടത്തേണ്ടതില്ലാത്ത വിധം കാര്യക്ഷമമായി പരാതികൾ അപ്പപ്പോൾ തീർപ്പാക്കി പോകുകയും ചെയ്യുന്ന സംവിധാനം കാര്യക്ഷമമാക്കുകയമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി.