കാസർകോട് : മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ.ശനിയാഴ്ച രാത്രി 7 മണിയോടെ നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49) അറസ്റ്റ് ചെയ്തത്.
മംഗളൂരുവിൽനിന്നാണ് പ്രതി കുട്ടിയുമായി തീവണ്ടിയിൽ കയറിയത്. ഇയാൾ മദ്യപിച്ചിരുന്നതിനാൽ സംശയം തോന്നിയ യാത്രക്കാർ റെയിൽവേ ഗാർഡിനെ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് അനീഷ്‌കുമാറിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചു.
ഇതിനിടെ, മംഗളൂരു കങ്കനാടിയിൽ താമസിക്കുന്ന ദമ്പതികൾ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.കുട്ടിയുടെ ഫോട്ടോ അയച്ചതിലൂടെ മാതാപിതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രി 12-ഓടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കങ്കനാടി പൊലീസിനോടൊപ്പം എത്തിയ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറി.