ശബരിമല: സത്രം പുല്ലുമേട് കാനനപാതയിലൂടെ എത്തിയ അയ്യപ്പഭക്തന്മാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധന. ഈ വര്‍ഷം സത്രം-പുല്ലുമേട് കാനനപാത വഴി ഡിസംബര്‍ 18 വരെയുള്ള കണക്ക് പ്രകാരം ആകെ 87128 പേരാണ് സന്നിധാനത്തെത്തിയത്. ശരാശരി മൂവായിരം പേരാണ് ദിനംപ്രതി ഈ പാത വഴി എത്തിയത്.
2024 ല്‍ ഇതേ സമയത്ത് (ഡിസംബര്‍ 18 വരെ) 48982 ഭക്തരാണ് ഈ പാതയിലൂടെയെത്തിയത്. 2023 ല്‍ 40725 ഭക്തരും 2022 ല്‍ 22886 ഭക്തരും ശബരിമലയിലെത്തി. ഈ വര്‍ഷം ഡിസംബര്‍ 13 നാണ് സത്രം പാത വഴി ഏറ്റവുമധികം ഭക്തരെത്തിയത്. 5597 പേര്‍.
അഴുതക്കടവ്-പമ്പ പാതയില്‍ ഈ വര്‍ഷം 49666 ഭക്തര്‍ ശബരിമലയിലെത്തി. 2024 ല്‍ ഇത് 42268 ആയിരുന്നു. 2023 ല്‍ 52437 ഭക്തരും 2022 ല്‍ 49417 ഭക്തരും സന്നിധാനത്തെത്തി. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 18 വരെയുള്ള കണക്ക് പ്രകാരമാണിത്.
കാനനപാത വഴിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 19 മുതല്‍ സ്‌പോട്ട് ബുക്കിംഗ് വഴി ദിവസേന ഈ പാത വഴി കടത്തി വിടുന്നവരുടെ എണ്ണം ആയിരമായി ചുരുക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കാനനപാത തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം ശാരീരിക ക്ഷമത വിലയിരുത്തിയ ശേഷമേ ദുര്‍ഘടമായ കാനന പാത തിരഞ്ഞെടുക്കാവൂ എന്ന് വനംവകുപ്പും മറ്റ് അധികൃതരും നിര്‍ദേശിച്ചിട്ടുണ്ട്.
പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീര്‍ത്ഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുത്തത്. പ്രകൃതിരമണീയമായ പുല്ലുമേടുകള്‍ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉള്‍പ്പെടെ 16 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.






