കോട്ടയം : മാർത്തോമ്മൻ പൈതൃകം ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന ഘടകമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ക്രിസ്തു ശിഷ്യനായ മാർത്തോമ്മാ ശ്ലീഹായാണ് ഭാരതത്തിൽ സഭ സ്ഥാപിച്ചത്.
എന്നാൽ പിന്നീട് ഇന്ത്യയിലെ ക്രൈസ്തവർ പല വിശ്വാസ പ്രമാണങ്ങളിലേക്കും തിരിഞ്ഞു. അന്നും ഇന്നും ആ പൈതൃകത്തിൽ അടിയുറച്ച് നിൽക്കുന്നത് മലങ്കരസഭ മാത്രമാണ്. മാർത്തോമ്മൻ പൈതൃകം അവകാശപ്പെടുന്നവർ ഒരുമിക്കണം. അത്തരമൊരു ദർശനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബാവാ പറഞ്ഞു. 2024 ഫെബ്രുവരിയിൽ സംഘടിപ്പിച്ച മാർത്തോമ്മൻ പൈതൃക സംഗമത്തിന്റെ സ്മരണക്കായി പ്രസിദ്ധീകരിച്ച ‘മാർത്തോമ്മൻ സ്മൃതി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ സ്മരണികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. സ്മരണിക കമ്മറ്റിയുടെ അധ്യക്ഷൻ ഡോ.യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,സഭാ വക്താവ് ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, ഫാ.ഡോ.റെജി മാത്യൂസ്, ഫാ.ജിജി വർഗീസ്, ജേക്കബ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.