കോന്നി : മേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം.വിവാഹാലോചനയ്ക്കായി സുകാന്തോ കുടുംബമോ മേഘയുടെ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു.
പെണ്ണ് കാണൽ ചടങ്ങിന് സുകാന്തും വീട്ടുകാരും എത്തുമെന്ന് കരുതി വീട് നവീകരിച്ചിരുന്നുവെന്നും അവർ എത്തിയില്ലെന്നും മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. വിവാഹാലോചനയിൽ നിന്ന് സുകാന്ത് പിന്മാറുകയാണ് ചെയ്തത്.
അതേ സമയം മേഘ 2024 ജൂലൈയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗർഭച്ചിദ്രം നടത്തിയെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. ഇതിൻ്റെ തെളിവുകൾ പൊലീസിന് കൈമാറിയിട്ടും സുകാന്തിനെതിരെ പൊലീസ് കേസെടുത്തില്ലെന്ന് മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു
മേഘ മരിച്ചു 11 ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്നാണ് പേട്ട പൊലിസ് പറയുന്നത്.
മേഘയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുകാന്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും മേഘയുടെ മാതാപിതാക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിലാവാം മേഘ ആത്മഹത്യ ചെയ്തതെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നത്.