കണ്ണൂർ : കണ്ണൂർ പിണറായിയിൽ ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പറമ്പായി സ്വദേശിയായ റസീന(40)യാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി.സി. മുബഷീർ കെ.എ. ഫൈസൽ വി.കെ. റഫ്നാസ് എന്നിവരാണ് അറസ്റ്റിലായത് .ഇവരെ കോടതി റിമാൻഡ് ചെയ്തു .
ഞായറാഴ്ച വൈകിട്ട് അച്ചങ്കര പള്ളിക്ക് സമീപം റസീന സുഹൃത്തുമായി സംസാരിച്ചത് യുവാക്കൾ ചോദ്യം ചെയ്യുകയും സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു .പിന്നീട് അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബന്ധുക്കൾക്കൊപ്പം വിട്ടയയ്‌ക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ റസീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.റസീനയുടെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.