കൊച്ചി: മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി.
ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കരുത്. വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
മുത്തലാഖ് നിയമ ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കുന്നതാണ് ഇത്. സാമൂഹിക പ്രസക്തി ഏറെയുള്ള വിധിയാണ് ഹൈക്കോടതിയുടേത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടികളില്‍ മതനിയമങ്ങളല്ല, ഭരണഘടനയാണ് മുകളിലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു.
രണ്ടാംവിവാഹത്തെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നും വിഷയം സിവില്‍ കോടതിയുടെ തീര്‍പ്പിന് വിടണമെന്നും ഉത്തരവിലുണ്ട്. ഇതൊരു മുസ്ലീം വിവാഹത്തിന് മാത്രം ബാധകമാകുന്ന വിധിയല്ല. ഔദ്യോഗികമായ വിവാഹ മോചനം നേടാത്ത കേസുകളില്‍ രണ്ടാമത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന നിര്‍ണ്ണായക നിരീക്ഷണമാണ് ഹൈക്കോടതി ഇതിലേക്ക് എത്തിയത്.
തലാക് ചൊല്ലിയാല്‍ അത് രേഖകളില്‍ ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഭാര്യയില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ അഭിപ്രായം തേടണമെന്നാണ് ജസ്റ്റീസ് പറയുന്നത്. വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫ് (44), രണ്ടാംഭാര്യ കാസര്‍കോട് പൊറവപ്പാട് ആബിദ (38) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഉത്തരവ്.






