തിരുവനന്തപുരം : ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് കുത്തിയോട്ട കലാകാരനും
മാധ്യമ പ്രവർത്തകനുമായ ജി ഗോപകുമാർ അര്‍ഹനായി. അനുഷ്ഠാന കലയായ കുത്തിയോട്ടത്തിലും മറ്റ് കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും മാധ്യമരംഗത്തേയും പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
46 വർഷമായി ചെട്ടികുളങ്ങര ശ്രീ ലളിതാംബിക കുത്തിയോട്ട സമിതിയിൽ പ്രവർത്തിക്കുന്നു. ഈരേഴ തെക്ക് കാട്ടൂർ വിജയകുമാറിൻ്റേയും കൈയ്പള്ളിൽ മന്മഥൻപിള്ളയുടേയും ശിഷ്യൻ. കുത്തിയോട്ടത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് ” ചെട്ടികുളങ്ങര ഭഗവതി ക്ഷേത്ര ഐതീഹ്യവും ചരിത്രവും എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവാണ്.
സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള മാവേലിക്കര ഏ.ആർ.രാജരാജവർമ്മ സാംസ്കാരിക നിലയം പ്രശസ്തിപത്രം നൽകി അനുമോദിച്ചു. കൂടാതെ ചെട്ടികുളങ്ങര മേനാമ്പള്ളി ഹൈന്ദവ കരയോഗവും ഒരുമ സാംസ്കാരിക സംഘടനയുടേയും ആദരം ലഭിച്ചിട്ടുണ്ട്. കണ്ണമംഗലം എൽ.പി.സ്കൂൾ, എ എൻ പി നായർ മെമ്മോറിയൽ ഹൈ സ്കൂൾ, ഫിനിക്സ് കോളേജ് മാവേലിക്കര , മന്നം സെൻ്റീനറി മെമ്മോറിയൽ ഇൻഡസ്ട്രീയൽ ട്രെയിനിങ് സെൻ്റർ കോന്നി, പത്തനംതിട്ട ഇഗ്നോ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോർമിങ് ആർട്ട്സ് ആൻ്റ് റിസർച്ച് സെൻ്റർ തിരുവനന്തപുരം സോപാനം ശ്രീ കാവാലം നാരായണ പണിക്കരുടെ നാടക കളരിയിൽ നിന്ന് പരിശീലനവും നേടി.
സിനിമ – സീരിയൽ രംഗത്ത് സഹസംവിധായകനായും പ്രവർത്തിച്ചു.നിരവധി ആൽബങ്ങളും അർത്ഥാന്തരം എന്ന ഷോർട്ട് ഫിലിം , അക്ഷരങ്ങളിലൂടെ ഒരു യാത്ര എന്ന ഡോക്യുമെൻ്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയാണ്.ഈരേഴ തെക്ക് മങ്ങാട്ട് ഗോകുലത്തിൽ വി.ഗോപിനാഥൻ പിള്ളയുടേയും പരേതയായ ഓമനയമ്മയുടേയും മകനാണ്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവക് സമാജ്. ജനുവരി 12ന് തിരുവനന്തപുരം കവടിയാര്‍ സദ്ഭാവനാ ഭവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേശീയ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂ ഡല്‍ഹി സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഡയറക്ടര്‍ ജനറല്‍ മഞ്ജു ശ്രീകണ്ഠന്‍ അറിയിച്ചു.






