ആറന്മുള : ആറന്മുള പഞ്ചായത്തിലെ മാലിന്യ മുക്ത ഹരിത ടൗണായി നീർവിളാകം ‘ബാംഗ്ലൂർ റോഡ്’ വിശ്രമ സങ്കേതം തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള ജനകിയ പദ്ധതിയുടെ ഭാഗമായുള്ള ഹരിത ടൗൺ പദ്ധതിയിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ ഇടം ആണ് ഇത്. പ്രസിഡന്റ് ഷിജാ.റ്റി. ടോജി ഉദ്ഘാടനം ചെയ്തു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപാ നായർ , ഉഷാ രാജേന്ദ്രൻ, ശ്രീനി ചാണ്ടിശേരി, ഷീജാ പ്രമോദ്, വിൽസി ബാബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്, ഡിടിപിസി അംഗം എസ് മുരളികൃഷ്ണൻ, സിഡിഎസ് ചെയർ പേഴ്‌സൺ സോമവല്ലി ദിവാകരൻ, നീർവിളാകം ടാഗോർ ലൈബ്രറി സെക്രട്ടറി വി വിനോജ് എന്നിവർ പ്രസംഗിച്ചു.
ആറന്മുള പഞ്ചായത്ത് ‘ബാംഗ്ലൂർ റോഡിൽ’ സ്ഥാപിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു.
നീർവിളാകം – കുറിച്ചിമുട്ടം റോഡിൽ വയൽ മദ്ധ്യത്തിലൂടെ തണൽ മരങ്ങളുടെയും പുഞ്ചപ്പാടങ്ങളുടെയും ഹരിത ഭംഗിയിലുള്ള ‘ ബാംഗ്ലൂർ റോഡ്’ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമായി മാറുകയാണ്. മുൻപ് മാലിന്യ നിക്ഷേപ ഇടമായിരുന്ന ഇവിടെ പ്രദേശവാസികൾ ഒത്ത് ചേർന്ന് സംരക്ഷണ സമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കുട്ടികൾക്കുള്ള പാർക്ക്, ഓപ്പൺ ജിം, സോളാർ വർണ്ണ വിളക്കുകൾ, ശുചി മുറി സൗകര്യങ്ങൾ, കുടുംബ ശ്രീ ലഘു ഭക്ഷണ ശാല തുടങ്ങി ഒട്ടേറെ പദ്ധതികൾ കൂടി ഇവിടെ നടപ്പിലാക്കാനാണ് സമിതിയുടെ പരിശ്രമം. ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത്, ടൂറിസം വകുപ്പ്, വിവിധ സർക്കാർ ഏജൻസികളുടെയും സ്‌പോൺസർമാരുടെയും സഹായങ്ങൾ ഇതിനായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.