തിരുവനന്തപുരം : വീടുകളിലെ അജൈവ മാലിന്യശേഖരണത്തിന് ഹരിതകർമ സേനയ്‌ക്ക് നല്‍കുന്ന യൂസർ ഫീ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം. സംസ്ഥാനത്തെ 14 മുനിസിപ്പാലിറ്റികളിലും 15 ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും ബുധനാഴ്ച ഈ സംവിധാനം നിലവില്‍വരും.
അടുത്തഘട്ടത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. നിലവിലുള്ള ഹരിതമിത്രം ആപ്പിനെ പരിഷ്കരിച്ചാണ് പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഒരുവാർഡില്‍ നിന്നുള്ള മാലിന്യം ഏത് എം.സി.എഫില്‍ സൂക്ഷിക്കുന്നു, എവിടേക്ക് കൊണ്ടുപോകുന്നു, ഒരുവാർഡില്‍ നിന്ന് പ്രതിമാസം എത്ര രൂപ യൂസർഫീ കിട്ടി, ഹരിതകർമ്മസേന എത്താത്ത വാർഡുകളുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പില്‍ ലഭിക്കും.
യു.പി.ഐ സംവിധാനത്തോടെ ഫീസ് അടക്കുകയും അടച്ചതിന്റെ തത്സമയ സന്ദേശവും രസീത് ഡൗണ്‍ലോഡും ലഭ്യമാകും. നിലവില്‍ ഫീസ് വാങ്ങിയ ശേഷം വീടുകളിലും സ്ഥാപനങ്ങളിലും നല്‍കിയിട്ടുള്ള കാർഡില്‍ എഴുതുകയാണ്. ഹരിത കർമസേനക്ക് നല്‍കുന്ന യൂസർഫീയുടെ കാർഡുണ്ടെങ്കിലേ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് സേവനം ലഭ്യമാകൂ.
ഹരിതകർമ്മസേനക്കാരെ ബന്ധപ്പെടാനുള്ള നമ്ബറും സന്ദേശമയക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഹരിതകർമസേനയുടെ അടുത്ത മാലിന്യ ശേഖരണം ഏതുദിവസമാണ്, എത്ര മണിക്കാണ് എന്നിവയും എത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളും അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്തും.
എന്നാൽ ഫീസ് നല്‍കാത്തവരില്‍നിന്ന് നിശ്ചിത സമയം കഴിഞ്ഞാല്‍ പിഴ ഈടാക്കാൻ നിയമമുണ്ട്. എന്നാല്‍ അവരെ കൃത്യമായി കണ്ടെത്താൻ കഴിയാറില്ല. ഹരിതമിത്രം 2.0 യില്‍ ഫീസ് വിവരം ലഭിക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കല്‍ എളുപ്പമാകും.