തിരുവല്ല : തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കോന്നി അരിവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലിതോട്ടം വാർഡിൽ ആവണിപ്പാറ നഗറിലെ ആദിവാസി കുടുംബങ്ങൾക്ക് പുതു വർഷ കിറ്റ് കൈമാറി. കല്ലേലിതോട്ടം വാർഡ് മെമ്പർ സിന്ധു പി കിറ്റ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.കോളേജിലെ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി “അവരും നമ്മളോടൊപ്പം ആഘോഷിക്കട്ടെ” എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ആവണി നഗറിലെ 40 ആദിവാസി കുടുംബങ്ങൾക്ക് പുതുവർഷ കിറ്റ് വിതരണം ചെയ്തത്.
ആവണിപ്പാറയിലെ ഇരുപ്പത്തി ഒമ്പതാം നമ്പർ അംഗനവാടിയിൽ നടന്ന ചടങ്ങിൽ കോളേജ് യൂണിയൻ ചെയർപേഴ്സനിൽ നിന്ന് വാർഡ് മെമ്പർ സിന്ധു കിറ്റുകൾ ഏറ്റുവാങ്ങി.ആവണിപ്പാറ നഗർ മൂപ്പൻ അച്ചുതൻ തങ്കമണി ആദ്യ കിറ്റ് വാർഡ് മെമ്പറിൽ നിന്നും സ്വീകരിച്ചു. സ്റ്റാഫ് അഡ്വൈസർ ലെഫ്റ്റനൻ്റ്. റെയിസൺ സാം രാജു അദ്ധ്യക്ഷത വഹിച്ചു. കിറ്റ് വിതരണത്തിൻ്റെ ഭാഗമായി കോളേജ് യൂണിയൻ ഭാരവാഹികൾ ആദിവാസി ഊരുകൾ സന്ദർശിച്ചു.
ഡിസംബർ മാസത്തിൽ കോളേജിൽ നടന്ന കിറ്റ് സമാഹരണം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.മനോജ് ടി ആർ ഉദ്ഘാടനം ചെയ്തു. ഊര് സന്ദർശനത്തിൻ്റെ ഭാഗമായി നടന്ന ചർച്ചയുടെ ഭാഗമായി ആവണിപ്പാറ ആദിവാസി നഗറിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ യൂണിയൻ്റെ നേതൃത്വത്തിൽ നൽകാൻ ധാരണയായി. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സാന്ദ്ര എസ് , അംഗനവാടി അധ്യാപിക ഷീബ,വൈസ് ചെയർപേഴ്സൺ അഹല്യ രവി, കുടുംബ ശ്രീ കോർഡിനേറ്റർ ശ്രീകല, സർവ്വകലാശാല യൂണിയൻ കൗൺസിലർ ലയ ജോണി, ആർട്ട്സ് ക്ലബ് സെക്രട്ടറി ആവണി എസ്, സൂര്യ കൃഷ്ണ, സംജിത്ത് എന്നിവർ പ്രസംഗിച്ചു.