തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ് വരെയുളള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്.
ഒരു വർഷത്തിൽ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നൽകേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
നവംബർ 26-നാണ് ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്നേദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും വിദ്യാലയങ്ങളിൽ എത്താത്ത 1 മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26-ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഡിസംബർ 3-ന് ഗുളിക നൽകുന്നതാണ്. ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികൾ ഗുളിക കഴിച്ചിട്ടില്ലെങ്കിൽ അവർക്ക് ഗുളിക നൽകേണ്ടതാണ്.