ആലപ്പുഴ : വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് പൂര്‍വാധികം ഭംഗിയായി വള്ളംകളി സംഘടിപ്പിക്കുകയാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനുള്ള എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിവരുകയാണ്. ആലപ്പുഴ കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വള്ളംകളി ആലപ്പുഴക്കാരുടെ മാത്രമല്ല , ആകെ കേരളത്തിന്റെ വികാരമാണ്. അത് വളരെ ഭംഗിയായി നടത്താന്‍ ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമേ ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ പരിഗണനയിലാണെന്നും മറ്റ് കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിവിധ കമ്മറ്റികളുടെ അവലോകനവും യോഗത്തില്‍ നടന്നു. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., എം.എല്‍.എ മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ.ജയമ്മ, ജില്ല പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍, സബ്കളക്ടര്‍ സമീര്‍ കിഷന്‍ തുടങ്ങിയവർ പങ്കെടുത്തു.