തിരുവല്ല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ് രീതിയുമായി ഓൺലൈൻ സംഘങ്ങൾ. വ്യാജ ചെലാൻ സൃഷ്ടിച്ച് വാഹന ഉടമകളിൽ നിന്ന് പിഴത്തുകയെന്ന പേരിൽ പണം തട്ടുന്നതാണ് പുതിയ രീതി. ഇ – ചെല്ലാൻ ഡിജിറ്റൽ ട്രാഫിക് ട്രാൻസ്പോർട്ട് ഇൻഫോഴ്സ്മെന്‍റ് സൊല്യഷൻ എന്ന തലക്കെട്ടിൽ ട്രാഫിക് നിയമലംഘനം നടത്തിയതായി കാട്ടി വാഹന ഉടമകളുടെ മൊബൈലുകളിലേക്ക് സന്ദേശം അയക്കുകയാണ് പുതിയ തട്ടിപ്പ്.
തട്ടിപ്പ് തിരിച്ചറിയാതെ തട്ടിപ്പുസംഘം അയച്ചു നൽകുന്നലിങ്ക് തുറക്കുന്ന വാഹന ഉടമയോട് എടിഎം കാർഡ് വഴി ഫൈൻ അടയ്ക്കാൻ സംഘം ആവശ്യപ്പെടും. ഇതിന് തയ്യാറാവുന്ന വാഹന ഉടമയോട് എടിഎം കാർഡിന് പിൻവശത്തരഹസ്യ നമ്പർ കൂടി ആവശ്യപ്പെടും. ഇതോടെ അക്കൗണ്ടിലുള്ള മുഴുവൻ പണവും നഷ്ടപ്പെടും.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുറ്റൂർ തെങ്ങേലി സ്വദേശി സുരേഷ് കുമാറിന്
തന്റെ ഉടമസ്ഥതയിൽ കെ.എൽ 27 -കെ 5301 രജിസ്റ്റർ നമ്പറിലുള്ള ബൈക്ക് നിയമലംഘനം നടത്തിയതായി കാട്ടി 500 രൂപയുടെ ചെല്ലാൻ മെസേജ് ഫോണിൽ വന്നു.
തുടർന്ന് സുരേഷ് കുമാർ തിരുവല്ല ട്രാഫിക് എസ്.ഐ എം.ജി. അനുരുദ്ധനെ ഫോണിൽ ബന്ധപ്പെട്ടു. ട്രാഫിക് എസ്.ഐ ആവശ്യപ്പെട്ട പ്രകാരം
മൊബൈലിലേക്ക് വന്ന മെസ്സേജ് സുരേഷ് കുമാർ അയച്ചുനൽകി. ഇത്
പരിശോധിച്ചതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം വ്യാജ മെസ്സേജ് ലഭിച്ച 15ഓളം പേർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി ട്രാഫിക് എസ്ഐ പറഞ്ഞു.






