കോട്ടയം : പഹൽഗാം ഭീകരാക്രമണത്തിൽ മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുശോചനം രേഖപ്പെടുത്തി. പഹൽഗാം സംഭവം ഭാരതത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണെന്ന് പരിശുദ്ധ കാതോലിക്കാബാവാ പ്രതികരിച്ചു.
പരിശുദ്ധ കാതോലിക്കാബാവായുടെ വാക്കുകൾ – ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദേശ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ ഭീകരവാദ പ്രവർത്തനങ്ങളെയും നാം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണ്. നമ്മുടെ മാതൃരാജ്യത്തിൽ സമാധാനവും പരസ്പര സ്നേഹസഹകരണവും അനുദിനം പുലരുവാൻ ഇടയാകണം. നമ്മുടെ ഒരുമയും മാതൃ രാജ്യത്തോടുള്ള കളങ്കമില്ലാത്ത സ്നേഹവും ഉയർത്തിപ്പിടിക്കേണ്ട സമയമാണിത്.
ഇന്ത്യൻ ഭരണകൂടവും നമ്മുടെ അഭിമാനമായ സൈന്യവും ഈ ക്രൂരകൃത്യം നിർവഹിച്ചവരെ കണ്ടുപിടിക്കുകയും രാജ്യത്തെ ഓരോ പൗരനും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും എന്ന് പ്രത്യാശിക്കുന്നതായും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.