മല്ലപ്പളളി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കിയ ഒരു തൈ നടാം വൃക്ഷവൽക്കരണം ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 3 ലക്ഷം തൈകൾ നട്ടതിന്റെ ജില്ലാതല പ്രഖ്യാപനം മല്ലപ്പള്ളി സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവല്ല എം.എൽ.എ മാത്യു ടി തോമസ് നിർവഹിച്ചു. പ്രകൃതി സംരക്ഷണം, ജലസംരക്ഷണം, ജൈവകൃഷി തുടങ്ങിയ മേഖലകളിൽ ഹരിതകേരളം മിഷൻ ശ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ച്ച വെച്ചതെന്നും വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും വിദ്യാഭ്യാസത്തോടൊപ്പം അത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യണമെന്നും എം.എൽ.എ പറഞ്ഞു.
നല്ല നാളെയ്ക്കായി പച്ചപ്പിനെ ചേര്‍ത്തുവെക്കാൻ സംസ്ഥാന സര്‍ക്കാർ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഒരു തൈ നടാം ക്യാമ്പയിൻ ഒക്ടോബർ 30 ന് അവസാനിക്കാനിരിക്കെ പത്തനംതിട്ട ജില്ലയിൽ 166116 തൈകൾ ജനകീയമായും 178534 തൈകൾ സര്‍ക്കാർ സ്ഥാപനം വഴിയും ശേഖരിച്ചു, ഇതുവരെ ജില്ലയിൽ 314630 തൈകൾ നട്ടു. കൂടുതൽ തൈകൾ ജനകീയമായി നടുന്ന പ്രവർത്തനം തുടർന്നു വരുന്നു.
നട്ട തൈകൾ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ടാഗ് ചെയ്തു വരുന്നു. 1238 തൈകള്‍ ഇതുവരെ ടാഗ് ചെയ്തു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സാമൂഹിക വനവല്‍ക്കരണവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, സ്വകാര്യ നേഴ്‌സറികൾ, കൃഷി വകുപ്പ്, കശുമാവ് വികസന ഏജൻസി, കുടുംബശ്രീ, വിദ്യാലയങ്ങള്‍, കോളേജുകൾ, ഹരിതകര്‍മ്മസേനാംഗങ്ങൾ, റെസിഡന്‍സ് അസോസിയേഷനുകൾ, ആരാധനായലങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ ജൂൺ 5 നാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ അധ്യഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ബാബു മാത്യു സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി.മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിദ്യാമോൾ മുഖ്യപ്രഭാഷണം നടത്തി.






