തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് അതിക്രമത്തില്‍ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചു .കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ സമരം പ്രഖ്യാപിച്ചു .
സഭാകവാടത്തിലാണ് സമരം ഇരിക്കുക. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. പാവപ്പെട്ടവരെ പിടിച്ചുകൊണ്ടുപോയി അടിക്കുന്ന പോലീസുകാരെ ന്യായീകരിക്കുകയാണ് ഭരണപക്ഷമെന്നും ഇതു സ്റ്റാലിന്റെ റഷ്യയല്ലെന്നു മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അടിയന്തിര പ്രമേയ ചർച്ചയിൽ വി.ഡി സതീശന്‍ പറഞ്ഞു.
തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും കർക്കശ നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു .തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി ആകെ 144 പോലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയിൽ നിന്ന് പിരിച്ചുവിട്ടു.രാജ്യത്തെ മികച്ചതും അഴിമതി ഏറ്റവും കുറഞ്ഞതുമായ സേന കേരള പൊലീസ് ആണ്.ഒരു സംഭവം പറഞ്ഞു സേനയാകെ മോശമെന്ന് പറയാൻ ആകില്ല. മുഖ്യമന്ത്രി പറഞ്ഞു