തിരുവല്ല: അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്ന് ഉച്ചക്ക് 12 മണിയോടെ പുളിക്കീഴ് ആലുംതുരുത്തി ഡക്ക് ഫാം റോഡിൽ സ്നേഹതീരത്തിനു പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് ലോറി ചെളിമണ്ണ് കയറ്റിവരുന്നതുകണ്ട് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചത്.
നിരണം കാട്ടുനിലം സെന്റ് തോമസ് പള്ളിക്ക് സമീപം പന്നിക്കണ്ടതിൽ പാടത്ത് നികത്താൻ എത്തിച്ചതാണെന്നാണ് ഡ്രൈവർ ചെങ്ങന്നൂർ വെണ്മണി വിളയിൽ താഴത്തേതിൽ പ്രസന്നൻ (44) പോലീസിനോട് പറഞ്ഞു.
എന്നാൽ, ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകൾ പ്രകാരം ചെന്നിത്തല മാന്നാർ തിരുവൻവണ്ടൂർ എന്നീ പഞ്ചായത്ത് പരിധികളിൽ വരുന്ന കനാലിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഇട്ട് ബണ്ട് ബലപ്പെടുത്താൻ ചെങ്ങന്നൂർ പി ഐ പി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നുള്ള അനുമതി പത്രമാണ് ഉള്ളതെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ, മതിയായ അനുമതിപത്രമോ പാസ്സോ ഇല്ലാതെ അനധികൃതമായാണ് ചെളിമണ്ണ് കടത്തിക്കൊണ്ടുവന്നതെന്ന് ബോധ്യപ്പെട്ടു. വാഹനം പിടിച്ചെടുത്തു പോലീസ് തുടർനടപടികൾ സ്വീകരിച്ചു.