തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരിച്ച സംസ്ഥാന പാതയിലെ മധ്യത്തിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന് സമീപം റോഡ് മധ്യത്തിൽ ഒരടിയിലധികം വലിപ്പത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.
പൊടിയാടി ഭാഗത്ത് നിന്ന് വരുമ്പോൾ പാലം തുടങ്ങുന്നതിന് തൊട്ട് മുൻപാണ് കുഴി രൂപപ്പെട്ടത്. രാത്രിയിൽ ഇതു വഴി കടന്നു പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴിയിൽപ്പെട്ട് അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. നേരത്തെ ഇവിടെ രൂപപ്പെട്ട കുഴി പൊതുമരാമത്ത് അധികൃതർ അറ്റകുറ്റപ്പണി നടത്തി മൂടിയിരുന്നു.
മൂടിയഭാഗം തന്നെയാണ് വീണ്ടും ഇളകിമാറി ആഴമുള്ള കുഴിയായി മാറിയത്. കുഴിയ്ക്ക് മൂന്ന് അടിയിലേറെ താഴ്ചയുണ്ട്. ഉന്നത നിലവാരത്തിൽ നിർമിച്ച റോഡായതിനാൽ വാഹനങ്ങൾ ഇതു വഴി വേഗത്തിലാണ് കടന്നുപോകുന്നത്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അതേസമയം ഇന്ന് (ബുധൻ) വൈകിട്ട് 6.30 മണിയോടെ അധികൃതർ എത്തി കുഴിയുടെ മുകളിൽ മെറ്റിൽ ഇട്ട് താൽകാലിക പരിഹാരം കണ്ടു.






