തിരുവനന്തപുരം : പ്രിയദർശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ . ഇന്ന് രാവിലെ 10 മണി മുതലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ബസുടമകൾ നിരാഹാര സമരം ആരംഭിച്ചത്.കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണ് നിരാഹാര സമരത്തിലുള്ളത്.
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഒട്ടേറെ തവണ പരാതിയുമായി ഗതാഗത മന്ത്രിയെ കണ്ടിട്ടും പരിഹാരമായില്ലെന്നും ബസ്സുടമകൾ പറയുന്നു. പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ യാത്രക്കാർ പൂർണമായും സ്വകാര്യ ബസുകളെ ഉപേക്ഷിച്ചു.വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നില്ലെന്നും ബസ്സുടമകൾ പരാതിപ്പെടുന്നു .
വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുക, ടിക്കറ്റ് നിരക്ക് തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകൾ പറഞ്ഞു.





