തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്തിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ കേസെടുക്കാനാകില്ല. പരാതിയുണ്ടെങ്കിൽ രേഖാമൂലം തന്നാൽ ശക്തമായ നടപടിയെടുക്കും.മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒരു രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവി രഞ്ജിത്ത് നിർവഹിക്കുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കുന്നതെന്നും മന്ത്രി അറിയിച്ചു.