പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന 22 മണിക്കൂര്‍ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.
സ്വര്‍ണക്കൊള്ള നടന്ന കാലയളവിലെ ബോര്‍ഡ് യോഗത്തിലെ മിനിറ്റ്‌സ്, ബാങ്ക് ഇടപാട് രേഖകള്‍, മരാമത്ത് വിഭാഗം നല്‍കിയ കരാറുകള്‍ തുടങ്ങിയവ പരിശോധിച്ചു. ബോര്‍ഡ് ആസ്ഥാനത്തെ പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഇഡി നല്‍കിയിരിക്കുന്ന സൂചന.
സ്ട്രോങ് റൂമില്‍ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതില്‍ പാളികള്‍ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതില്‍നിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിച്ച് വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. മറ്റിടങ്ങളിലെ പരിശോധനയും മണിക്കൂറുകള്‍ നീണ്ടു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരത്തെ പുളിമാത്തെ വീട്ടിലും മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.






