ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു.
രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക് ദിവസം ശബരിമലയില്‍ വിന്യസിക്കുന്നത്. നിലവില്‍ 11 ഡി.വൈ.എസ്.പിമാരുടെ കീഴില്‍ 34 സി.ഐമാരും 1489 സിവില്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 1534 സേനാംഗങ്ങള്‍ സന്നിധാനത്ത് സേവനം ചെയ്യുന്നുണ്ട്. അധികമായുള്ള അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ നാളെ എത്തിച്ചേരും. സുഗമമായ മകരജ്യോതി ദര്‍ശനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പോലീസ് ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെര്‍ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും രാവിലെ 11 മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കും ഭക്തരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും.
കര്‍ശ്ശന സുരക്ഷയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 6.20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും തുടര്‍ന്ന് ദീപാരാധന നടക്കും. ഭക്തര്‍ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നു പോകുന്ന പാതയില്‍ തിക്കും തിരക്കും സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തിന് ശേഷം പമ്പയിലേക്ക് തിരിച്ചു മടങ്ങാന്‍ തിരക്ക് കൂട്ടരുത്. മുഴുവന്‍ ഭക്തര്‍ക്കും മടങ്ങിപ്പോകുന്നതിനുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പയില്‍ നിന്നും ക്രമീകരിച്ചിട്ടുണ്ട്. ഭക്തര്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങളില്‍ ക്യൂ പാലിച്ച് കയറണം.
മകരജ്യോതി ദര്‍ശിച്ച് തിരിച്ചിറങ്ങാന്‍ മൂന്ന് റൂട്ടുകള്‍ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത് നിന്ന് ദര്‍ശന്‍ കോംപ്ലക്‌സിന് പിന്‍ഭാഗത്തിലൂടെ, നടപ്പന്തലിന് പിന്‍ഭാഗം വഴി കൊപ്രാക്കളം, ട്രാക്റ്റര്‍ റോഡിലൂടെ, കെ.എസ്.ഇ.ബി ജംഗ്ഷനിലെത്തുന്നതാണ് ഒരു പ്രധാന റൂട്ട്. പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി, പോലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദന്‍ റോഡിലെത്തുന്നതാണ് രണ്ടാമത്തെ പാത. നടപ്പന്തലിന്റെ മധ്യഭാഗം വഴി കെ. എസ്. ഇ.ബി ജംഗ്ഷനിലെത്തുന്നതാണ് മൂന്നാമത്തേത്.
മകരവിളക്ക് ദിവസം സോപാനത്തിലും തിരുമുറ്റത്തും പരിസരത്തും തിരുവാഭരണ ഘോഷയാത്ര എത്തുമ്പോള്‍ അഭൂതപൂര്‍വ്വമായ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ നടപടികളും കൈക്കാണ്ടിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ ഭക്തരെ വ്യൂപോയിന്റുകളിലേക്ക് മാറ്റും. അതിന് ശേഷമായിരിക്കും തിരുവാഭരണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. തീര്‍ത്ഥാടകര്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശ്ശനമായി പാലിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.






