തിരുവനന്തപുരം : സ്‌കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലുണ്ടായ ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം.
സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മെയ് 13 നും 31നും രണ്ട് സർക്കുലറുകളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂൾ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എന്നിട്ടും ദാരുണമായ സംഭവം തേവലക്കര ഹൈസ്‌കൂളിൽ ഉണ്ടായതിനാലാണ് കർശനമായ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡി.ഡി.ഇ, എ.ഡി, ആർ.ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാകിരണം-കൈറ്റ്-എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗത്തിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി., ആർ.ഡി.ഡി.,എ.ഡി ബി.ആർ.സി. വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും.






