തിരുവല്ല: ആത്മജ്ഞാനത്തെ നേടിയെടുക്കുകയാണ് പരമമായ ലക്ഷ്യമെന്ന് ആചാര്യന്‍ കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍. അജ്ഞതയാണ് മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളി. ഭാഗവതം നമുക്ക് പറഞ്ഞ് തരുന്നതും ഈ ധര്‍മമാണ്. 40-ാമത് അഖിലഭാരത ശ്രീമദ്ഭാഗവത മഹാസത്രത്തിന്റെ എട്ടാം ദിനത്തില്‍ ഭഗവാന്റെ ബാല ലീലകള്‍ വര്‍ണ്ണിക്കുകയായിരുന്നു അദ്ദേഹം. പൂതന അവിദ്യയുടെയും അജ്ഞതയുടെയും പ്രതീകമാണ്.
എന്നാല്‍ ഭഗവത് സാന്നിദ്ധ്യം പൂതനയെ പരമമായ മോക്ഷത്തില്‍ എത്തിച്ചു. അവിദ്യാ സ്വരൂപമായ പൂതനയെ നശിപ്പിച്ച് വിദ്യയെ ഉയർത്തി ജഡമായ ശകടാസുരനെ ഇല്ലാതാക്കി ചൈതന്യമായ ഭഗവാനെ കാട്ടിത്തന്നു. തൃണം പോലെ ആവർത്തിച്ചു വരുന്ന കാമനകളെ ഇല്ലാതാക്കി മനസ്സിനെ ഉദ്ധരിച്ചു എന്നും അദ്ദേഹം സത്ര പ്രഭാഷണത്തിൽ വിശദീകരിച്ചു.