പത്തനംതിട്ട : മുൻവിരോധത്താൽ സംഘം ചേർന്ന് പരസ്പരം തല്ലിയവരിൽ ഇരുവിഭാഗത്തിൽ നിന്നുമായി ഏഴ് പേരെ അടൂർ പോലീസ് പിടികൂടി. അടൂർ മണക്കാല വിഷ്ണു നിവാസ് വീട്ടിൽ അഭിജിത് ബാലൻ(30), അന്തിച്ചിറ ഗോകുലം വീട്ടിൽ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടിൽ സുജിത് (31), ചൂരക്കോട് വായനശാല ജംഷൻ കല്ലുവിള തെക്കേതിൽ ശരൺ കുമാർ (27), കണ്ണം കോട് രമാ മന്ദിരം വീട്ടിൽ അരുൺ (28), ചൂരക്കോട് വിഷ്ണു ഭവനിൽ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലെയം വീട്ടിൽ ശ്രീകുമാർ (41) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കാപ്പാ കേസിൽ ഉൾപ്പെപ്പെട്ട അഭിജിത്ത് ബാലന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനിൽ ആഷിക് 24 ന് വൈകിട്ട് 3 മണിയോടെ അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപം വച്ച് സെൽഫി എടുക്കുകയും, അത് പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഇടുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.
തുടർന്ന് ആഷിക്കും അഭിജിത്ത് ബാലനും ഫോണിൽ കൂടി വെല്ലുവിളി നടത്തുകയും, ഇരുവരും മറ്റുള്ളവരെ വിളിച്ചറിയിച്ചതനുസരിച്ചു രാത്രി 9 ഓടെ ഇരുവിഭാഗങ്ങളിലും പെട്ടവർ സംഘടിക്കുകയും ചെയ്തു. ചൂരക്കോട് കുറ്റിയിൽ ദേവീക്ഷേത്ര മൈതാനത്ത് ആഷിക്കും സംഘവും ഉണ്ടെന്നറിഞ്ഞ് അഭിജിത്ത് ബാലനും സുജിത്ത് , വിഷ്ണു , ജിനു സാം എന്നിവരുമായി മഹീന്ദ്ര താർ ജീപ്പിൽ എത്തുകയും, തുടർന്ന് സംഘർഷം ഉണ്ടാവുകയും, എതിർ വിഭാഗത്തിൽപ്പെട്ട ശ്രീകുമാറിന് തലയ്ക്ക് പരിക്കു പറ്റുകയും ചെയ്തു.
തുടർന്ന് ഇയാൾ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് എത്തിയ പോലീസ് അഭിജിത്ത് ബാലൻ , സുജിത്ത്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു. എതിർ വിഭാഗത്തിലെ വിഷ്ണു, ശരൺ, അരുൺ, ശ്രീകുമാർ എന്നിവരെയും സ്റ്റേഷനിലെത്തിച്ചു.
സംഭവം അറിഞ്ഞു ഇരു വിഭാഗങ്ങളെ പിന്തുണച്ച് ആളുകൾ പോലീസ് സ്റ്റേഷൻ പരിസരത്തും ആശുപത്രി പരിസരത്തും ഒത്തുകൂടി. സംഘർഷത്തിൽ പരിക്ക് പറ്റിയ ശ്രീകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും, മറുവിഭാഗത്തിൽപ്പെട്ട അഭിജിത്ത് ബാലന്റെ മൊഴി പ്രകാരവും ഓരോ കേസുകൾ അടൂർ പോലീസ് രജിസ്റ്റർ ചെയ്തു.തുടർന്നാണ് ഇരുകൂട്ടത്തിൽ നിന്നുള്ള എഴുപേരെ അറസ്റ്റ് ചെയ്തത്.