ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് സൈന്യമെത്തും. ബെലഗാവിയില്‍ നിന്ന് സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ദുരന്തസ്ഥലത്തേക്ക് എത്തുക. രാവിലെ 11ഓടെ സൈന്യം എത്തുമെന്നാണ് വിവരം. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചു . റഡാറിൽ ലോഹഭാഗം തെളിഞ്ഞ സ്ഥലത്തെ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ ദുരന്ത സ്ഥലത്തേക്ക് എത്തും.