തൃശൂർ: കേരളം നേരിട്ട ദുരന്തങ്ങളില്‍ ഒരു രൂപ പോലും കേന്ദ്രസഹായമായി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അമിത് ഷാ പറഞ്ഞത് വ്യക്തമായ കണക്കുകള്‍ വച്ചാണ്. ആ കണക്ക് തെറ്റാണെങ്കില്‍ താന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപ പോലും തന്നില്ലെങ്കില്‍ അവര്‍ അതിന്റെ കണക്കുവയ്ക്കട്ടെ. ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല’- രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. 2004 – 2014 വരെയുള്ള കാലത്തു കേരളത്തിനു ദുരന്ത നിവാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 1350 കോടി രൂപയാണ്.
എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിനു നല്‍കിയത് 5100 കോടി രൂപയാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ആ തുക ജനങ്ങള്‍ക്കു നല്‍കിയില്ല എന്നതു ഗൗരവമുള്ള വിഷയമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ദുരന്ത നിവാരണ നിധി കൈകാര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യ സംവാദം നടത്താന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
നുണയും കാപട്യങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്നത് പതിറ്റാണ്ടുകളായി അവർ സ്വീകരിച്ചു വരുന്ന പതിവ് പരിപാടിയാണ്. എന്നാല്‍ ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാനാകില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.






