പത്തനംതിട്ട : വീട്ടമ്മയെ ഉപദ്രവിക്കുന്നതായുള്ള സന്ദേശം ലഭിച്ചതുപ്രകാരം വിവരം അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ സി പി ഓയ്ക്ക് മർദ്ദനമേറ്റു. വള്ളിക്കോട് ഞക്കുനിലം മണലേപ്പടി മരങ്ങാട്ടു കോളനി ഞ്ഞാറമൂട്ടിൽ കോയിപ്പാട്ട് ബിജു (39) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് ഏഴരയോടെ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ ഇ ആർഎസ്എസ് കൺട്രോൾ റൂമിൽ നിന്നും 112 ൽ ലഭിച്ച സന്ദേശത്തെ തുടർന്ന് എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് ഉടനടി സ്ഥലത്തെത്തി. വള്ളിക്കോട് ഞക്കുനിലം മുരുപ്പേൽ വീട്ടിൽ രാജമ്മയെ അയൽവാസി ബിജു ഉപദ്രവിക്കുന്നതായുള്ള വിവരമറിഞ്ഞാണ് പത്തനംതിട്ട എസ് ഐ ബിനോജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയത്.
രാജമ്മയെ ഉപദ്രവിച്ചതായും അസഭ്യം വിളിച്ചതായും മനസ്സിലാക്കിയ പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തി. കാര്യങ്ങൾ തിരക്കികൊണ്ടിരിക്കെ ബിജു, ബിബിനെ അസഭ്യം വിളിച്ചുകൊണ്ട്, യൂണിഫോമിന്റെ ഫ്ലാപ്പ് വലിച്ചുകീറുകയും, ഇടതു തോളിൽ അടിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പോലീസ് സംഘം ശ്രമകരമായി കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.
ബിപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജുവിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദ്ദിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.






