കാസർഗോഡ് : ബേഡകത്ത് കടയിലിട്ട് തിന്നർ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (30) ആണ് മരിച്ചത്. തൊട്ടടുത്ത ഫർണിച്ചർ കടക്കാരനായ തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന ഇയാൾക്കെതിരെ കെട്ടിട ഉടമയ്‌ക്ക് രമിത പരാതി നൽകുകയും കടയൊഴിഞ്ഞ് പോകാൻ രാമാമൃതത്തോട് കെട്ടിട ഉടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത് .ഏപ്രിൽ എട്ടിനായിരുന്നു ആക്രമണം നടന്നത് .
മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച് കയ്യിൽ കരുതിയ പന്തത്തിനു തീ കൊളുത്തി എറിയുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം മരണപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു.