തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് അദ്ദേഹം കത്തു നല്‍കി.
ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും ഈ കാര്യങ്ങൾ അന്വേഷണത്തിൻ്റെ പരിധിയിൽ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ ആവശ്യപ്പെടുന്നു .
500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്.ഇത് സംബന്ധിച്ച് നേരിട്ട് അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നത് .സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.






