പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി ദേശീയ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. പത്തനംതിട്ട മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കുമ്മനം രാജശേഖരൻ ഈ കേസിൽ സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും ഈ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരേണ്ടതുണ്ടെന്നും പറഞ്ഞു.
ഇത് വളരെ സംഘടിതമായി നടത്തിയ കൊലപാതകം തന്നെയാണെന്നും സത്യം എന്ത് എന്ന് പുറം ലോകം അറിയണമെന്നും ഇനി മറ്റൊരു ഉദ്യോഗസ്ഥനും ഈ ഗതി വരാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതക ഗൂഢാലോചനയിൽ പ്രത്യക്ഷമായി പങ്കുണ്ട് എന്ന് പറയുന്ന പ്രശാന്ത്, ഡ്രൈവർ, മരണം ആദ്യം കണ്ടയാൾ എന്നിവരെ ചോദ്യം ചെയ്യാത്തതും ദുരൂഹത വർധിപ്പിക്കുന്നു എന്നും ഈ കേസിൽ മാർക്സിസ്റ് പാർട്ടിയിലെ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തിന് ഒപ്പം നിൽക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ്, ജില്ലാ നേതാക്കളായ പി ആർ ഷാജി, ഗോപാലകൃഷ്ണൻ കർത്താ, നിതിൻ എസ് ശിവ, ചിറ്റാർ മണ്ഡലം പ്രസിഡന്റ് രഞ്ജിത് മലയാലപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.