ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ 28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം നാളെ കൊടിയേറും. വൈകിട്ട് 7നു 8നും മധ്യേ ക്ഷേത്ര തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തും.
ഉച്ചയ്ക്ക് 12ന് 51 പറ അരിയുടെ കൊടിയേറ്റ് സദ്യ ഉണ്ടായിരിക്കും.മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,നഗരസഭാധ്യക്ഷ ശോഭ വർഗീസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
വൈകിട്ടു 4 മുതൽ അനീഷ് കൊടുപ്പുന്ന നയിക്കുന്ന സാക്സഫോൺ കച്ചേരിയും മാൻഡലിൻ കച്ചേരിയും 7.30നു ദേവിശ്രീ നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ നൃത്തവും അരങ്ങേറും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രകലകൾ ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും.