പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ കാറും അയ്യപ്പഭക്തരുടെ മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ജന്മനാട് വിട നൽകി.
ഇന്ന് രാവിലെ മല്ലശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), ഇദ്ദേഹത്തിന്റെ മകൻ നിഖിൽ ഈപ്പൻ (29), നിഖിലിന്റെ ഭാര്യ അനു ബിജു (26), അനു ബിജുവിന്റെ പിതാവ് പുത്തൻകിഴക്കേതിൽ വീട്ടിൽ ബിജു പി ജോർജ്ജ് (58) എന്നിവരുടെ ഭൗതിക ശരീരങ്ങൾ മല്ലശേരിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിലെ പ്രാർഥനകൾക്ക് ശേഷം പൂങ്കാവ് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പുറപ്പെട്ടു
രാവിലെ 8 മണി മുതൽ 12 മണി വരെ പള്ളിയിൽ നടന്ന പൊതു ദർശനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ 15 ന് രാവിലെ നാല് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും വരുകയായിരുന്ന കാര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച മിനിബസുമായി കോന്നി മുറിഞ്ഞകല്ലില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്
അപകടത്തില്‍ മൂന്നുപേര്‍ തല്‍ക്ഷണവും അനു പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്.