പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബീഗത്തിന്റെ ഉത്തരവിനെ തുടർന്ന് ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ ഓഗസ്റ്റ് 30 ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 15(1) പ്രകാരമുള്ള നടപടി.
ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന റൗഡിയാണിയാണ് ഇയാൾ. റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ച് ഇയാളുടെ പ്രവർത്തനങ്ങൾ ഇലവുംതിട്ട പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. 2020 മുതൽ ഇലവുംതിട്ട പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, അടിപിടി, ഭീഷണിപ്പെടുത്തൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം, മാനഭംഗശ്രമം, ഗൂഢാലോചന തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയാണ്
2021 ൽ ഇലന്തൂർ ഭഗവതി കുന്നിൽ എബ്രഹാം ഇട്ടിയെ വെട്ടിക്കൊന്ന 7 പ്രതികളുള്ള കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ. ഇതുൾപ്പെടെ 3 കേസുകൾ കോടതിയിൽ വിചാരണയിലാണ്. കൂടാതെ രണ്ട് കേസുകൾ അന്വേഷണാവസ്ഥയിലുമാണ്.
ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി പുറപ്പെടുവിപ്പിച്ച ഡി ഐ ജിയുടെ ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്യുകയോ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുകയാണെങ്കിൽ കാപ്പ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.