തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കാൻ നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനകൾ. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ പാലം പണിതത് വാസ്തുപരമായും ആചാരപരമായും തെറ്റാണെന്നകാര്യം ബോര്‍ഡിന് ബോധ്യപ്പെട്ടതായി പ്രസിഡന്റ് പി എസ് പ്രശാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പത്രപ്രവര്‍ത്തകരോട് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.
അനുഷ്ഠാനവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന പരമ്പരാഗത ഭസ്മക്കുളം അതിന്റെ പവിത്രതയില്‍ സംരക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പു നല്‍കിയതായി അദേഹം സൂചിപ്പിച്ചു.
മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ഇരുമുടിക്കെട്ടുമായി വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം കാണാതെ മടങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യത്തോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ അറിയിച്ചു.
യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി. ആര്‍. രാജശേഖരന്‍, ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ , ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂര്‍, കെ. പ്രഭാകരന്‍ , അയ്യപ്പസേവാ സമാജം സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.