തിരുവല്ല : മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ (27) ആണ് അറസ്റ്റിലായത്.
പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടിൽ ഷിബി (26)നെ, 16 ന് വൈകിട്ട് 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിർവശം റോഡിൽ തടഞ്ഞുനിർത്തി പ്രതി മർദ്ദിച്ചു. പിന്നീട് ചവുട്ടി താഴെയിട്ടശേഷം കയ്യിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഷിബിന്റെ മൊഴി രേഖപ്പെടുത്തി തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാവുംഭാഗത്തു നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതം നടത്തിയതിനെതുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.