ഇന്ന് ശ്രീകൃഷ്ണ ജയന്തി. ലോകത്ത് ധർമം പുനസ്ഥാപിക്കൻ ഭഗവാൻ മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്ത ദിനം .അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും.‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ നടക്കുന്നത്. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് വീഥികൾ അമ്പാടികളാക്കും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര. വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ ആയിരങ്ങളാണ് എത്തുന്നത്. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് നടക്കും. വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാകും. പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും.എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും.