ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചു. തിങ്കളാഴ്ചയാണ് ഈജിപ്തിലെ റെഡ് സീ തീരപ്രദേശമായ ഷർം അൽ ഷെയ്ഖിൽ നിർണായക ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയിൽ മോദി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദെൽ ഫത്ത അൽ സിസിയും ചേർന്നാണ് മോദിയെ അവസാന നിമിഷത്തിൽ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത് എന്നതാണ് ലഭ്യമായ വിവരം.
മിഡിൽ ഈസ്റ്റിലെ നീണ്ടുനിന്ന ഗാസ സംഘർഷത്തിൽ സമാധാന പ്രക്രിയ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയിലേക്കുള്ള യുഎസിന്റെ നിയുക്ത സ്ഥാനപതി സെർജിയോ ഗോർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും അടുത്തിടെ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ ക്ഷണം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.
ഈ ചർച്ചകളിൽ ഗാസാ മേഖലയുടെ നിലവിലെ പ്രതിസന്ധിയും അന്താരാഷ്‌ട്ര സഹകരണ സാധ്യതകളും ഉൾപ്പെട്ടിരുന്നു എന്നാണ് വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ വേദിയിൽ പങ്കെടുക്കുമെന്നാണ് ലഭ്യമായ സൂചന. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന രാഷ്‌ട്രങ്ങൾ പങ്കാളികളാകുന്ന യോഗം അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കുന്നു. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പ്രതിനിധികളും ഇന്നും നാളെയും ഷർം അൽ ഷെയ്ഖിൽ എത്തിച്ചേരും