ആലപ്പുഴ : നദിയുടെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യം നിലനിർത്തുന്നതില്‍ സോഷ്യോ ഹൈഡ്രോളജിയുടെ പങ്ക് ‘ എന്ന വിഷയത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ. ഐ. ടി.) തണ്ണീർമുക്കത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുട്ടനാടും വേമ്പനാട് കായലും കേന്ദ്രീകരിച്ച് നടന്ന ശില്‍പശാല ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
വേമ്പനാട് കായലും കുട്ടനാട്ടിലെ ആവാസവ്യവസ്ഥയും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും ജില്ലാ ഭരണകൂടം നടത്തുന്ന കായല്‍പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു.
ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്ന് വരെ എൻ. ഐ. ടി .സി നെതർലാൻഡ്‌സിലെ ഡെൽഫ്‌റ്റ് സാങ്കേതിക സർവ്വകലാശാലയിലെ വാട്ടർ മാനേജ്മെന്റ് വിഭാഗത്തിനൊപ്പം സംയുക്തമായി നടത്തിയ ഇൻ്റർനാഷണൽ റിവർ റിസീലിയൻസ് കോൺഫറൻസ് 2025 പരിപാടിയുടെ തുടർച്ചയായാണ് ശില്പശാല സംഘടിപ്പിച്ചത്.
എൻ. ഐ. ടി. സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ സാന്തോഷ് ജി. തമ്പി, അന്താരാഷ്ട്ര കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പത്മകുമാർ, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ പ്രൊഫസര്‍ മുരുഗേശു ശിവപാലൻ, നെതർലാൻഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൽഫ്‌റ്റ്സ് അസി. പ്രൊഫസർ ഡോ. സാകേത് പാണ്ഡെ, എൻ. ഐ. ടി .സി യിലെ ഗവേഷക വിദ്യാർഥികൾ തുടങ്ങിയവർ സംസാരിച്ചു.