തിരുവനന്തപുരം : വിനായക ചതുർത്ഥി ഇന്ന്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പാ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകളും പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു.
മള്ളിയൂരിൽ പുലർച്ചെ മുതൽ ചടങ്ങുകൾ നടന്നു വരിയാണ്. ഉച്ചയ്ക്ക് 12-ന് ഗജപൂജ, ആനയൂട്ടും, തലയെടുപ്പുള്ള 12 കൊമ്പന്മാരെ അണിനിരത്തും. പഞ്ചാരിമേളത്തിന് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും. 3.30-ന് നാമസങ്കീർത്തനം- കോഴിക്കോട് പ്രശാന്ത് വർമ, 5.30-ന് കാഴ്ചശ്രീബലി, വലിയവിളക്ക്. പാണ്ടിമേളം- മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, പാറമേക്കാവ് ദേവസത്തിന്റെ കുടമാറ്റം. രാത്രി 10-ന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയും നടക്കും.
ഗണപതിയുടെ കളിമൺ വിഗ്രഹങ്ങൾ താത്കാലികമായി നിർമിച്ച പന്തലിൽ പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതും ഈ ദിവസത്തിലാണ്. വിഗ്രഹത്തിനു മുന്നിൽ 10 ദിവസം വിളക്ക് തെളിക്കും. പത്താം ദിവസമായ അനന്ത ചതുർദശി ദിനത്തിൽ ആഘോഷത്തോടെ നദിയിലോ കടലിലോ നിമജ്ജനം ചെയ്യും. വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതി ക്ഷേത്രങ്ങളിൽ ഇന്ന് രാവിലെ മുതൽ ഭക്തരുടെ നീണ്ട തിരക്ക് അനുഭവപ്പെട്ടിരുന്നു.






