തിരുവല്ല : വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിൻ്റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031അവതരണം നടത്തുകയായിരുന്നു മന്ത്രി.2031 ൽ ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകും. ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും.
സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നിർമിത ബുദ്ധി സഹായത്താൽ കെ എസ് ആർ ടി സി ഷെഡ്യൂൾ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും.
ജി.പി.എസ് സഹായത്താൽ ഗതാഗത കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകും. കൂട്ടായ പ്രവർത്തന ഫലമായാണ് കെഎസ്ആർടിസി ലാഭത്തിലായത്. ഒരു ബസിൽ നിന്ന് കിലോമീറ്ററിന് ശരാശരി 50 രൂപ ലഭിക്കുന്നു. കർണാടകയിലും തമിഴ്നാടിലും യഥാക്രമം 38, 36 രൂപയാണ്. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളും ലാഭകരമായി മുന്നേറുന്നു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂളിലൂടെ ലാഭം നേടിയത്.
റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റങ്ങളെ എതിർക്കുന്നതല്ല സർക്കാർ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്താലാണ് എയർ ഹോൺ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ സ്പെഷ്യൽ സെക്രട്ടറി പി.ബി നൂഹ് അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സിയടക്കം ലാഭത്തിലായത് സ്പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി. 2025 ഓഗസ്റ്റ് എട്ടിലെ കെ.എസ്.ആർടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു