കൊച്ചി : വയനാട് പുനരധിവാസത്തിൽ എസ്.ഡി.ആര്‍.എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കേന്ദ്രത്തിൽ നിന്നും കിട്ടൂ എന്നു മനസ്സിലാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഓർമിപ്പിച്ചു .
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായി. വയനാട്ടിലും മറ്റു ദുരന്ത നിവാരണ കാര്യങ്ങൾക്കുമായി ചെലവഴിച്ചതിന്റെ ബാക്കിയായി എസ്.ഡി.ആര്‍.എഫിൽ 677 കോടി രൂപ ഉണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.എന്നാൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. ഇതോടെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.