കോന്നി: കാട്ടാനശല്യം രൂക്ഷമായ കല്ലേലി, താമരപ്പള്ളി, കുളത്തുമൺ എന്നിവിടങ്ങളിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇന്ന് തെളിവെടുപ്പ് നടത്തി.സംയുക്ത ജനകീയ സമിതി ഹൈക്കോടതിയിൽ നൽകിയ പൊതു താൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
അമിക്കസ് ക്യൂറി അംഗങ്ങളായ അഡ്വ. എം.പി. മാധവൻകുട്ടി, അഡ്വ. ലിജി വടക്കേടത്ത് എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.കാട്ടാനശല്യം തടയുന്നതിന് എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു. കുമ്മണ്ണൂരിൽ നിന്ന് അച്ചൻകോവിലാർ കടന്ന് കല്ലേലി ഭാഗത്തേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് തടയണമെന്ന് പ്രദേശവാസികളും സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.
വനാതിർത്തിയിൽ വലിയ കിടങ്ങും സ്ഥാപിക്കണം. ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളും അമിക്കസ് ക്യൂറി രേഖപ്പെടുത്തി. കോന്നി ഡി എഫ് ഒ ആയുഷ്‌കുമാർ കോറി, നടുവത്തുമുഴി റേഞ്ച് ഓഫീസർ അരുൺ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, അരുവാപ്പുലം പഞ്ചായത്ത് അംഗങ്ങൾ, സമര സമിതി ഭാരവാഹികളായ അമ്പിളി വർഗീസ്, ജയിംസ് എന്നിവരും തെളിവെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു






