പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 3 വർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. തൃശ്ശൂർ ചാവക്കാട് പുന്നയൂർക്കുളം അണ്ടത്തോട് ചെറായി തേൻ പറമ്പിൽ വീട്ടിൽ ടി എൻ പ്രവീൺ (21)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം. വീട്ടുകാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയതിനും ഫോൺ കൊടുക്കാത്തതിലുമുള്ള മനോവിഷമം കാരണം, 2023 ഫെബ്രുവരി 26 ന് 2.15 ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും, 2022 ഡിസംബർ മൂന്നിന് കുട്ടിയുടെ വീട്ടിൽ വന്നു താമസമാക്കിയതായും വ്യക്തമായി.
ഡിസംബർ 5 ന് വീട്ടിൽ ആരുമില്ലാത്ത സമയം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും അന്വേഷണത്തിൽ വെളിവായി. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി ഡോക്ടർ അഭിപ്രായപെട്ടിരുന്നു. എസ് അനീഷ് എബ്രഹാം ആയിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
അന്നത്തെ പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണൻ, അന്വേഷണം പൂർത്തിയാക്കി ബലാൽസംഗത്തിനും പോക്സോ നിയമപ്രകാരവും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ ഫോൺ കോൺടാക്ട് വിശദമായി പരിശോധിച്ച പോലീസ് നിരവധി തവണ വിളിച്ച നമ്പർ കണ്ടെത്തുകയും, യുവാവിലേക്ക് അന്വേഷണം എത്തി പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പോക്സോ നിയമത്തിലെ 12, 11(iv )വകുപ്പുകൾ അനുസരിച്ച് യുവാവ് കുറ്റക്കാരനെന്ന് വ്യക്തമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി.