തിരുവനന്തപുരം: വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം 18ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടക്കും. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുക്കും. ഇതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ക്ഷേത്രത്തിലെ വിവിധ ഭക്തജനസമിതികളെ ചേർത്തു രൂപികരിക്കപ്പെട്ട ശ്രീപത്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ രണ്ടായിരം പേർ ചേർന്ന് ആറ് ആവർത്തിയായി ഒരു കോടി ഇരുപത് ലക്ഷം നാമങ്ങളാണ് ജപിക്കുന്നത്. രാവിലെ പാരായണത്തിനുളള പുസ്തകം വേദവ്യാസന്റെ നടയിൽ നിന്നും ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരായ നടുവിൽ മഠം അച്യുതഭാരതി സ്വാമിയാർ
പാരായണാംഗങ്ങൾക്ക് കൈമാറും. 08.30 മുതൽ ആരംഭിക്കുന്ന ജപം 10.30ന് സമാപിക്കും.
തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്രദർശനം പൂർത്തിയാക്കി ക്ഷേത്രത്തിനു പുറത്ത് വടക്കേനടയിലെ സമാപനസഭയിൽ എത്തിച്ചേരും. ക്ഷേത്രം സ്ഥാനി ശ്രീമൂലം തിരുനാൾ രാമവർമ്മതമ്പുരാൻ വിഷ്ണു സഹസ്രനാമ ജപം നടക്കുന്ന സമയത്ത് ശീവേലി പുരയിൽ ഒരു പ്രദക്ഷിണം വെയ്ക്കും. സമാപനസഭ ലോകം മുഴുവനുളള ഭക്തജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഒരാവർത്തി സഹസ്രനാമജപത്തോടെ ആരംഭിക്കുന്ന സഭയിൽ അശ്വതിതിരുനാൾ ലക്ഷ്മീബായിതമ്പുരാട്ടി, തന്ത്രിവര്യൻ നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ തമ്പുരാൻ, തുളസി ഭാസ്കരൻ, കരമന ജയൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, ക്ഷേത്രം ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടവ്യക്തികൾ പങ്കെടുക്കും.