പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കേരളത്തിന് പുറത്തുള്ള വിവിധ ഭദ്രാസനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് തീര്‍ഥാടകര്‍ പ്രത്യേക പദയാത്രകളായി പരുമലയിലെത്തി വിശുദ്ധന്റെ കബറിടത്തില്‍ പ്രാര്‍ഥിച്ചു. പുലര്‍ച്ചെ 3.30ന് നടന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 8ന് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന ആരംഭിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഗ്ലോറി ആന്‍ഡ് ഹോണര്‍ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. തുടര്‍ന്ന് പരി.ബാവായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്വ് നല്‍കി. 12ന് മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
2ന് നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ പൊന്‍വെള്ളിക്കുരിശുകളും മുത്തുക്കുടകളുമേന്തി ആയിരങ്ങള്‍ പങ്കുകൊണ്ടു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സമാപന ആശീര്‍വാദം നിര്‍വഹിച്ചു.സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ കൊടിയിറക്ക് കര്‍മ്മം നടത്തി.