കോട്ടയം : കോട്ടയം ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളേജില്‍ അതിക്രൂര റാഗിങ്. സംഭവത്തിൽ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവർ ആണ് അറസ്റ്റിലായത്.ഇവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.
കോളേജില്‍ അധ്യയനം തുടങ്ങിയ നവംബര്‍ മുതല്‍ തിങ്കളാഴ്ച വരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന് ഇരയായത്. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കി ഈ മുറിവുകളില്‍ ലോഷന്‍ ഒഴിച്ചിരുന്നുവെന്ന് പരാതിയുണ്ട് .വിദ്യാർത്ഥികളെ നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചതായും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയിൽ പറയുന്നു. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിക്കുകയും ജൂനിയർ വിദ്യാർഥികളെ മർദിക്കുകയും പതിവായിരുന്നു.
ഇരയായ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയും രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.